26 October 2014

കച്ചവടം

ദോഹയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍ കയറിയതായിരുന്നു ഞാന്‍. മക്ക ഇമാം അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസിന്റെ ഇമ്പമാര്‍ന്ന ഖുര്‍ആന്‍ പാരായണം ഹാളിനകത്ത് നിറഞ്ഞു കേള്‍ക്കാം. അല്‍ മറായിയുടെ രണ്ടു പാക്കറ്റ് ലോങ്ങ്‌ ലൈഫും, പ്രവാസിയുടെ കൂടെ പിറപ്പായ ഖുബ്ബൂസും വാങ്ങി കൌണ്ടറിനു മുമ്പിലെ ക്യൂവില്‍ കാശ് കൊടുക്കാന്‍ കാത്തു ന്നിന്നു. ക്യൂ മുമ്പോട്ട് നീങ്ങുന്നതിനനുസരിച്ചു പുറകോട്ടേക്ക് വളരുന്നുണ്ടായിരുന്നു. കൌണ്ടറിലിരിക്കുന്ന നേപ്പാളി  സ്വദേശി ഇടക്കിടക്ക് ക്യുവിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു .

എത്ര കണ്ടാലും, കിട്ടിയാലും മടുപ്പ് തോന്നാത്ത റിയാല്‍ വളരെ വെറുപ്പോടെ വാങ്ങി അയാള്‍ ക്യാഷ്  മെഷീന്റെ തൊള്ളയിലേക്ക് തിരുകി കൊണ്ടിരുന്നു. കൌണ്ടറിനു മുംബിലെത്തിയവരില്‍ ചിലര്‍ അയാളെ നോക്കി എന്തൊക്കെയോ പറയുന്നു. അവരെ  ടെല്ലര്‍ മെഷീന്റെ തോളത്തിരിക്കുന്ന ബനാന ച്യൂവിംഗ് ഗം നല്‍കി  അയാള്‍ സമാധാനിപ്പിക്കുന്നു .

എന്‍റെ ഊഴം എത്തി. പാല്‍ പാക്കറ്റും, ഖുബ്ബൂസും ടെല്ലര്‍ മെഷീന്‍റെ ചുണ്ടത്തു വെച്ചപ്പോള്‍ 10.50 എന്ന് മോണിട്ടറില്‍ തെളിഞ്ഞു വന്നു. ഒരു പത്തിന്റെയും, അന്ജിന്റെയും റിയാല്‍ എടുത്ത് ഞാന്‍ അയാള്‍ക്ക്‌ നീട്ടി. ഒരു കഷ്ണം ബില്ലും നാലു റിയാലും അയാള്‍ 'ചന്തി' കഴുകുന്ന കൈ കൊണ്ട് എനിക്ക്  തിരികെ തന്നു . ബാക്കി അമ്പതു പൈസക്കായി ഞാന്‍ കൌണ്ടറിനടുത്ത് കാത്തു നിന്നു. എന്‍റെ ചുറ്റിക്കളി ശ്രദ്ധിക്കാതെ അയാള്‍ അടുത്ത കസ്റ്റമറെ കൈകാര്ര്യം ചെയ്യാന്‍ തുടങ്ങി. ക്യൂവിലുള്ളവര്‍ എന്നെ തന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് തോന്നി. പോക്കറ്റില്‍ കിടക്കുന്ന കാറിന്റെ താക്കോല്‍ പരതുന്നത് പോലെ നടിച്ചു കൊണ്ട്  കൌണ്ടറിനു മുമ്പില്‍ നിന്നും ഞാന്‍ ഉള്‍വലിഞ്ഞു. അപ്പോള്‍ സ്ഥാപനത്തിന്‍റെ 'മൊതലാളി' തന്‍റെ തലയിലെ തൊപ്പി യഥാസ്ഥാനത്ത് തന്നെ ഉണ്ടോ എന്ന് കണ്ണാടിയില്‍ നോക്കി ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. യാദൃക്ഷികമായിട്ടായിരിക്കാം, അബ്ദുള്‍ റഹ്മാന്‍ അല്‍ സുദൈസ്  അപ്പോള്‍ ഒതിയിരുന്നത്  വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന ആയത്തായിരുന്നു.

 ( يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّـهَ كَانَ بِكُمْ رَحِيمًا )

"വിശ്വസിച്ചവരേ, നിങ്ങള്‍ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി നേടിയെടുത്ത് തിന്നരുത്. പരസ്പരം പൊരുത്തത്തോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ. നിങ്ങള്‍ നിങ്ങളെത്തന്നെ കശാപ്പു ചെയ്യരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച"

വാല്‍ കഷണം :-  നിലവില്‍ 25 ദിര്‍ഹമിന്‍റെയും 50 ദിര്‍ഹമിന്‍റെയും നാണയ തുട്ടുകള്‍ സുലഭമായി ലഭ്യമായിട്ടും അവ കൃത്യമായി ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കാനുള്ള  നിര്‍ദ്ദേശം നല്‍കാതെയുള്ള ഇത്തരം കച്ചവടത്തിലെ കാപട്യം, അമ്പതു ദിര്‍ഹം കൊണ്ട്  എന്ത്  നേടാനാ എന്ന ലളിത വല്‍ക്കരണം കൊണ്ട് ഒഴിവാകുമോ?
















No comments:

Post a Comment