01 April 2013

റിയാലിറ്റി ഷോ

എസ്. എം എസ്സ് സന്ദേശങ്ങള്‍ ലോകം കീഴടക്കി വാഴുമ്പോഴും, ചേട്ടായി അയച്ച കത്ത്‌ കയ്യില്‍ കിട്ടിയത് പതിനാറാം നാളിലാണ്. പഴയ കത്ത് പാട്ടിന്റെ വരികള്‍ അപ്പടി പകര്‍ത്തിയ കത്ത് വായിച്ചപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാന്‍ മേലാതായി. ചാനലിലെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റിഷോ കണ്ടുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. സന്ധ്യക്ക് മുമ്പേ റിയാലിറ്റി ഷോകള്‍ ആരംഭിക്കുന്നതിനാല്‍ സന്ധ്യാ നാമവും, വിളക്ക് വെക്കലും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിര്‍ത്തലാക്കിയ കാര്യം ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. അല്ലെങ്കിലും സന്ധ്യാ സമയത്ത് സ്ഥിരമായി പവര്‍കട്ടും ലോഡുഷെഡിങ്ങും തുടരുന്നതിനാല്‍ മണ്ണെണ്ണ വിളക്കും മെഴുക് തിരിയും തെളിയിക്കുന്നത് തന്നെ ദീപം കൊളുത്തലല്ലേ?. "വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം " എന്നാണല്ലോ വൈദ്യുതി വകുപ്പിന്റെ പുതിയ മന്ത്രം.

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഒരുത്തിയുടെ ഭര്‍ത്താവിനു അനുവദിച്ച കോഴി പിടുത്തം എന്ന 'ടാസ്ക് 'ചെയ്യുന്നതിനിടെ കോഴിയെ ഓടിച്ചിട്ടു പിടിക്കുന്നത് കണ്ടപ്പോള്‍ അത് നിങ്ങളായിരുന്നെങ്കില്‍ എത്ര മനോഹരമായി ചെയ്യുമായിരുന്നു എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തുപോയി. അക്കാര്യത്തില്‍ നിങ്ങക്കുള്ള മുന്‍പരിചയം വെറുതെ ഒരു ഭാര്യയായ എനിക്കല്ലേ നന്നായി അറിയൂ. അയല്‍പക്കത്തെ എന്തു മാത്രം കോഴികളെയാണ് നിങ്ങള്‍ ഓടിച്ചിട്ട് പിടിചു കൊണ്ടു വന്ന് നമ്മുടെ കോഴിക്കൂട്ടില്‍ അടച്ചിട്ടത്. ടാസ്ക് വിജയകരമായി ചെയ്ത ഭര്‍ത്താവിനെ ഭാര്യമാര്‍ (?) കൂട്ടം ചേര്‍ന്ന് അയാളുടെ മെയ്‌വഴക്കവും, സ്റ്റാമിനയും, ശരീരവടിവും പിന്നെ ആണത്വവും തലനാരിഴ കീറി വിശകലനം ചെയ്യുന്നത് കണ്ടപ്പോള്‍ കൊടിച്ചിപട്ടികള്‍ കൂട്ടംകൂടി ഓരിയിടുന്നതു പോലെ തോന്നി.

ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ ഇപ്പോള്‍ ഞാന്‍ കാണാറില്ല. കാരണം അതിലിപ്പോള്‍ ശരത്‌ ചേട്ടന്‍ ഇല്ലാത്തത്‌ കൊണ്ട് സങ്കതി തീരെ പോരാ. പുതുതായി വന്ന ജയചന്ദ്രന്‍ സാറിന്‍റെ ടെമ്പോ കേട്ട് അയല്‍പക്കത്തെ പശുക്കള്‍ മുക്രയിടുമ്പോള്‍ നമ്മുടെ മോള്‍ക്ക്‌ വല്ലാത്ത പേടിയാകുന്നു. കൂടാതെ അവതാരികയുടെ ചേട്ടന്മാരോടുള്ള കുഴയലും, ഇംഗ്ലീഷ്‌ ചേര്‍ത്തുള്ള സംസാരവും ദിവസവും അണിഞൊരുങ്ങി വരുന്നതും (പലപ്പോഴും അണിയാതെയും) കാണുമ്പോള്‍ എനിക്കിത്തിരി പുളിക്കും. ഞാന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ലെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മോളെ കൊണ്ട് വിടാന്‍ പോയിട്ടുള്ള പരിചയം വെച്ചെങ്കിലും പറയുന്നത് കേട്ടാല്‍ അത് ഇംഗ്ലീഷ് ആണെന്ന് മനസ്സിലാകും. ഈയിടെ എങ്ങു നിന്നോ വന്ന ആള്‍ അവളെ പള്ളക്കിട്ടു പിടിച്ചത് നിങ്ങള്‍ ദുബായിലിരുന്നു ലൈവായി കണ്ടില്ലേ? മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി ......

അമ്മ അമ്മായിയമ്മ എന്ന ഷോയില്‍ പങ്കെടുക്കാന്‍ ചാനലിലേക്ക് കത്തെഴുതി കാത്തിരിക്കയാണ് ഞാനും നിങ്ങളുടെ അമ്മയും. ഷോയിലെ പരദൂഷണം എന്ന സെഗ്മെന്റില്‍ വലിയ പ്രയാസം കൂടാതെ തന്നെ നിങ്ങളുടെ അമ്മ ജയിച്ചു കയറും എന്നുറപ്പ്.

അടുത്ത പ്രാവശ്യം പണം അയക്കുമ്പോള്‍ ഒരു പതിനായിരം രൂപ കൂടുതല്‍ അയക്കണം. എസ്. എം. എസ് അയക്കുന്നതിന് റീചാര്‍ജ് കൂപ്പണ്‍ വാങ്ങിക്കാന്‍ മോളുടെ സ്കൂള്‍ ഫീസ്‌ എടുത്ത്‌ ഉപയോഗിച്ചതിനാല്‍ ഇന്നലെ സ്കൂളില്‍ നിന്നും മാഡം വിളിച്ചിരുന്നു. ഈ മാസത്തെ ഫീസ്‌ ഉടനെ അടച്ചില്ലെങ്കില്‍ മോളെ ക്ലാസ്സില്‍ കയറ്റില്ല എന്നു ആ വിവരദോഷി പറഞ്ഞു. എസ് എന്നും നോ എന്നും രണ്ടു വാക്കുകള്‍ കൊണ്ട് ഞാന്‍ ആ മദാമ്മയെ തല്‍ക്കാലം ഒന്നൊതുക്കി .

ക്ഷേത്രത്തിലേക്ക് ഉരുളാന്‍ നേര്‍ന്നത് എന്ത് കാര്യ സാക്ഷാല്‍ക്കാരത്തിനു വേണ്ടി എന്ന് കത്തില്‍ ചോദിച്ചു കണ്ടു? ചേട്ടന്നു ദുബായിലേക്ക് വിസ കിട്ടാന്‍ വേണ്ടിയായിരുന്നു അതെന്നത് മറന്നുപോയോ?. ആ ശല്യം ഇവിടെന്നു ഒഴിവായ സ്ഥിതിക്കും ഇപ്പോള്‍ അവിടെ ദുബായില്‍ കിടന്നു ആവശ്യത്തിന് “ ഉരുളുന്നത് ” കൊണ്ടും ഇനി ആ നേര്‍ച്ച വീട്ടെണ്ട ആവശ്യം ഇല്ല എന്നു തോന്നുന്നു

അലാവുദ്ദീന്റെ അത്ഭുത വിളക്ക് എന്ന സീരിയല്‍ അവസാനിച്ചതില്‍ മോള്‍ വലിയ നിരാശയിലാണ് അച്ഛന്‍ വരുമ്പോള്‍ അത്തരം ഒരു വിളക്ക് കൊണ്ടുവരാന്‍ മോള് ശട്ടം കെട്ടിയിരിക്കയാണ്. മൂന്നു നേരം വയര്‍ നിറച്ചു തിന്നാനും ഇഷ്ടമുള്ളതൊക്കെ തരപ്പെടുത്താനും വിളക്ക് വാങ്ങിയാല്‍ പോരെ പിന്നെന്തിനു സ്കൂളില്‍ പോയി സമയം കളയണം എന്നാണു അവളുടെ ചോദ്യം?. അച്ചന്റെ മോളല്ലേ? സ്കൂള്‍ ഗേറ്റ് കാണുമ്പോള്‍ കുരിശു കണ്ട പിശാചിന്റെ ഭാവമാണവള്‍ക്ക്. വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ ചൊല്ല്. ക്ഷമിക്കണം കുങ്കുമ പൂവ്‌ സീരിയല്‍ തുടങ്ങുകയാണ്. അതിനാല്‍ ഈ കത്തിന്റെ ആദ്യഭാഗം ഇവിടെ അവസാനിക്കുന്ന. അടുത്ത ഭാഗം അടുത്ത ദിവസം; ഇതേ സമയം. നന്ദി , നമസ്കാരം ..........

2 comments:

  1. പണ്ട് കേരളം ഭരിച്ച്ത് ഇ എം എസ് ആയിരുന്നെനിൽ , ഇന്നത് എസ് എം എസ്സാണ്- കോമഡി

    ReplyDelete
  2. എസ് എം എസ് അയയ്ക്കേണ്ട ഫോര്‍മാറ്റ്...???

    ReplyDelete