04 October 2013

അഴിച്ചു മാറ്റാനാവാത്ത കല്ല്യാണ പന്തല്‍

മുസ്ലിം പെണ്‍കുട്ടി വിവാഹത്തിനു പാകമാകുന്നത് പതിനാറിലോ അതോ പതിനെട്ടിലോ എന്ന് പൊതുസമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. 2013 ജൂണ്‍ 14നു കേരള തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി പുറത്തിറക്കിയ ഒരു സര്‍ക്കുലറില്‍ പതിനെട്ട് വയസ്സിനു മുന്‍പ് നടന്ന മുസ്ലീം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഒരു സര്‍ക്കുലറാണ് പിന്നീടു വന്ന വിവാദങ്ങള്‍ക്ക് തുടക്കമിട്ടത് എന്ന് പറയാം.


അതിനു ശേഷം ഈ അടുത്ത ദിവസങ്ങളില്‍ കോഴിക്കോട് യോഗം ചേര്‍ന്ന് മുസ്ലിം സംഘടനകള്‍, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനെട്ടാക്കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത കൂടി പുറത്ത് വരുകയുണ്ടായി. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് പ്രായനിബന്ധന വെക്കുന്നത് ശരീഅത്തിന് എതിരാണെന്നും, ഇത് ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും യോഗം വിലയിരുത്തിയതായി വിശദീകരിക്കപ്പെട്ടു. ഇതിനായി ശരീഅത്ത് നിയമ സംരക്ഷണ സമിതി എന്ന കൂട്ടായ്മ രൂപീകരിച്ചതായും വാര്‍ത്ത വന്നു. ഇതോടെ കല്യാണപന്തലിനു തീ പിടിച്ച അനുഭവമായി കേരളത്തില്‍.

കല്ല്യാണ പ്രായ വിവാദം ചര്‍ച്ച ചെയ്യുന്ന രണ്ടോളം കുറിപ്പുകള്‍ മലബാര്‍ ഫ്ലാഷില്‍ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടു. മലയാളക്കരയിലെ ഏതാണ്ടെല്ലാ പത്രങ്ങളും, ചാനലുകളും, സോഷ്യല്‍ മീഡിയയും ക്ഷണിക്കാത്ത കല്ല്യാണത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു സദ്യ കഴിച്ചു ഏമ്പക്കം വിട്ടു. പതിനാറു വയസ്സില്‍ പെണ്‍കുട്ടികളുടെ കല്യാണം നടക്കുന്ന രാജ്യങ്ങളുടെ വിശദമായ പട്ടിക തയ്യാറാക്കി പതിനാറിന്റെ വക്താക്കള്‍ ചര്‍ച്ച കൊഴുപ്പിച്ചു. എന്തിനും ഏതിനും 
യൂറോപ്പിനെയും അമേരിക്കയെയും സാമൂഹ്യപുരോഗതിയുടെ മാതൃകയായി ചൂണ്ടി കാട്ടുന്നവര്‍ക്ക് പതിനെട്ടാണ് അവിടെത്തെ വിവാഹപ്രായം എന്ന് ചൂണ്ടികാട്ടി പുരോഗമനം പറയാന്‍ സാധിച്ചില്ല എന്നത് വേറെ കാര്യം. 


ലോകത്ത് ഒരുപാട് രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായപരിധി പതിനാറ് വയസ്സ് എന്നത് ഒരു വസ്തുതയാണ്. ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, റഷ്യ, ക്യൂബ, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാറാണ്. പതിനാറാം വയസ്സില്‍ വിവാഹം അനുവദിക്കുന്ന ‘പരിഷ്‌കൃത’ രാജ്യങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ നിലവിലുണ്ട്. ഇന്ത്യയില്‍ പുരുഷനു ഇരുപത്തൊന്നും സ്ത്രീക്ക് പതിനെട്ടും വയസ്സ് തികഞ്ഞാല്‍ മാത്രമേ വിവാഹിതരാകാവൂ എന്നതാണ് നിലവിലെ നിയമം.

പതിനാറിന്റെ പക്ഷക്കാരാണോ അതല്ല പതിനെട്ടിന്റെ ആളുകളാണോ പുരോഗമന ചിന്താഗതിക്കാര്‍ എന്നതല്ല ഇവിടെ പരാമര്‍ശിക്കുന്നത്. പൊതു സമൂഹത്തില്‍ ചില പ്രശ്നങ്ങള്‍ മാത്രം എന്തുകൊണ്ടാണ്‌ വളരെ പെട്ടെന്ന് തന്നെ വിവാദമാകുന്നതും സജീവമായി നിലനില്‍ക്കുന്നതും എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ ഈ കോലാഹലങ്ങള്‍ തുടങ്ങുന്നതിനു നാളുകള്‍ക്ക് മുമ്പ്, പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടിയുടെ പ്രായം (വ്യഭിചരിക്കാനുള്ള അംഗീകാരം) പതിനാറായി പുനര്‍നിര്‍ണയിക്കാന്‍ തകൃതിയായ ശ്രമങ്ങള്‍ നടന്നിരുന്നു. പിന്നീടത് ഉപേക്ഷിക്കപ്പെട്ടെങ്കിലും വിവാഹപ്രായം പതിനെട്ടാക്കണമെന്ന് വാദിക്കുന്ന ഒരാളും വ്യഭിചാര പ്രായം പതിനാറാക്കുന്നതില്‍ പ്രതിഷേധിച്ചതായി അറിയില്ല. പതിനാറു തികഞ്ഞ പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നിയാല്‍ പരപുരുഷനെ പ്രാപിക്കാന്‍ നിയമ തടസ്സമുണ്ടാകരുത് എന്നത് 'പുരോഗമനപരമായ' ആശയമായത് കൊണ്ടാകാം സ്തീ സംരക്ഷകരോ, പുരോഗമന പ്രസ്ഥാനങ്ങളൊ ഈ കാര്യത്തില്‍ മൌനത്തിലായിരുന്നു. അതായത് രഹസ്യ വേഴ്ച്ചക്ക് പെണ്‍കുട്ടിക്ക് വയസ്സ് പതിനാറു മതി. അപ്പോള്‍ പിന്നെ മാതാപിതാക്കളും കുടുംബക്കാരും ചേര്‍ന്ന് നടത്തുന്ന നിയമാനുസൃതമായ കല്ല്യാണത്തിനു പതിനെട്ട് വയസ്സ് തന്നെ തികയണം എന്നു വാശി പിടിക്കുന്നത്‌ എന്തിനാണെന്ന് ഏതെങ്കിലും പിന്തിരിപ്പന്‍ ചിന്താഗതിക്കാര്‍ക്ക് തോന്നിപോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമൊ?

ഇന്ന് പതിനെട്ടും ഇരുപതും തികയാതെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ കല്യാണം അപൂര്‍വമായി മാത്രമേ നാട്ടില്‍ നടക്കുന്നുള്ളൂ. ഇന്നത്തെ ചുറ്റുപാടില്‍ ഒരു പെണ്‍കുട്ടിയെ പതിനെട്ടു വയസ്സ് വരെ വളര്‍ത്തി കാത്തു സൂക്ഷിക്കുക എന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം അതിസാഹസികത തന്നെയാണ്. മൊബൈലും, ഫേസ് ബുക്കും, മിസ്സ്ഡ് കോളും, ചാറ്റിങ്ങും, എസ് എം എസ്സും ചേര്‍ന്ന് തീര്‍ക്കുന്ന ചതിക്കുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ പല രക്ഷിതാക്കളും കണ്ടെത്തുന്ന എളുപ്പ വഴിയാണ് നേരത്തെയുള്ള കല്യാണം. മാതാപിതാക്കള്‍ക്ക് മകള്‍ വഴിതെറ്റിപ്പോകുമോ എന്ന ആശങ്ക പെരുകുമ്പോള്‍ അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടണം എന്ന് പറയുന്നത് സര്‍വ്വസാധാരണമാണ്. അത് കേവലമൊരു പറച്ചിലിനുമപ്പുറം ഒരു മാതൃ ഹൃദയത്തിന്റെ നിലവിളി കൂടിയാണ്.

ഈ പറഞ്ഞ കാര്യങ്ങളൊക്കെ പ്രശ്നത്തിന്റെ ഒരു വശം. ഇതിന്റെ മറുവശം കൂടി പരിശോധിക്കുമ്പോഴാണ് പതിനാറിന് വേണ്ടി കോടതി കയറാന്‍ ഇറങ്ങി തിരിച്ചവരോട് സഹതാപം തോന്നിപ്പോകുന്നുത്. കാള പെറ്റു എന്ന് കേട്ടപ്പോള്‍ കയറിന്റെ കൂടെ കറവക്കരനെയും കൊണ്ട് ചാടിപുറപ്പെട്ട മതസംഘടനകളുടെ നടപടി, മോങ്ങാന്‍ കാത്തിരുന്ന നായയുടെ മണ്ടയില്‍ തെങ്ങ് തന്നെ വെട്ടിയിടുന്നതായിരുന്നു. അറബികല്ല്യാണം, ത്വലാക്ക്, നാല് കെട്ടല്‍, പര്‍ദ്ദക്കുള്ളില്‍ വിയര്‍ത്തൊലിക്കുന്ന മുസ്ലിം സ്ത്രീ, മക്കന, ഊരുവിലക്ക് തുടങ്ങി മുസ്ലിം സ്ത്രീകളെ ബാധിക്കുന്ന കാക്ക തൊള്ളായിരം പ്രശ്നങ്ങള്‍ അപ്പപ്പോള്‍ ലൈവായി കൈകാര്യം ചെയ്യുന്ന ചാനലുകള്‍ക്കും, സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ക്കും, ബുദ്ധി ജീവികള്‍ക്കും, കൊത്തിവലിക്കാന്‍ പുതിയൊരു 'ഇരയെ' വലിച്ചെറിഞ്ഞു കൊടുത്തതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും മതസംഘടനകള്‍ക്ക് അവകാശാപെട്ടതു തന്നെ .

മുസ്ലിം കല്യാണത്തിലെ സ്ത്രീധന പിശാചും, സാമ്പത്തിക ധൂര്‍ത്തും, അനാചാരങ്ങളും, പൊങ്ങച്ചങ്ങളും കാണാതെ പതിനാറു വയസ്സില്‍ കയറിപിടിച്ച ഈ സംഘടനകള്‍ പ്രശ്നത്തെ സമീപിച്ചത് വളരെ അപക്വമായി പോയി എന്ന് തന്നെ പറയാം. ഇരുപതും, ഇരുപത്തഞ്ചും വയസ്സ് പൂര്‍ത്തിയായി പുരയും, മഹല്ലും നിറഞ്ഞു നില്‍ക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ (യുവതികള്‍) പൊന്നും, പണവും സ്ത്രീധനമായി നല്കാനില്ലാത്തതിനാല്‍, കണ്ണിറുക്കി കാണിക്കുന്നവന്റെ കൂടെ ഇറങ്ങി പോകുമ്പോഴൊ, കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുമ്പോഴോ തോന്നാത്ത ഈ സാമൂഹ്യ പ്രതിബദ്ധത ഏതു മുസ്ലിം പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് എന്ന് എത്ര ചിന്തിച്ചാലും സാധാരണക്കാരന്റെ തലയില്‍ കേറില്ല. അത് കൊണ്ടായിരിക്കാം മുസ്ലിം സമൂഹത്തിലെ തന്നെ യുവസംഘടനകള്‍ക്ക് ഈ തീരുമാനത്തെ ഉള്‍കൊള്ളാന്‍ കഴിയാത്തത്.

സ്ത്രീധനം കണക്ക് പറഞ്ഞു ചോദിച്ചു വാങ്ങിക്കുന്നത് അഭിമാനമായി കാണുന്ന ഒരു സമൂഹം, കല്യാണ ചെലവ് നടത്താന്‍ പെണ്‍ വീട്ടുകാരോട് ലക്ഷങ്ങള്‍ ആവശ്യപ്പെടുന്ന കാരണവന്‍മാര്‍, ഒരു തീന്‍മേശയില്‍ എണ്ണിയാല്‍ തീരാത്തത്ര ഭക്ഷണ വിഭവങ്ങള്‍ വിളമ്പി അന്തസ്സ് നിലനിര്‍ത്തുന്ന പ്രമാണിമാര്‍, 'കാസി' (സ്ത്രീധനം) കൊടുക്കാന്‍ വേണ്ടി വാങ്ങിവെച്ച പുത്തന്‍ കാറില്‍ തന്നെ യാത്ര ചെയ്തു കാനോത്ത് (നിക്കാഹ്) നടത്തി കൊടുക്കാന്‍ മടിയില്ലാത്ത മതപുരോഹിതര്‍, മണിയറ തല്ലിത്തകര്‍ത്തു ആണത്വം കാണിക്കുന്ന വരന്റെ ചങ്ങാതിമാര്‍, വധുവിനെ റാഗ്ഗിംഗ് ചെയ്തു രസിക്കുന്ന ചെറുപ്പക്കാര്‍,   വരനെ ആനയിച്ചു കൊണ്ട് വരുമ്പോള്‍ പൊതുനിരത്തില്‍ മോട്ടോര്‍സൈക്കിള്‍ റൈസ് നടത്തി നാടുകാരെ പ്രകോപ്പിക്കുന്ന യുവാക്കള്‍ തുടങ്ങി വിവാഹാഘോഷം എന്നത് ഇന്നൊരു സാമൂഹ്യ തിന്മയും, ദുരന്തവുമായിരിക്കുന്നു. മുസ്ലിം സമൂഹത്തിലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് അരങ്ങ് തകര്‍ത്താടുന്ന ഈ ദുരാചാരങ്ങളെ ശരീഅത്ത് വിരുദ്ദമായി കാണാനോ, ഒരു 'മുശാവറ' ചേര്‍ന്ന് ഇത്തരം കല്യാണത്തിനു മതപുരോഹിതര്‍ കാര്‍മ്മികത്വം വഹിക്കില്ല എന്ന് പ്രഖ്യാപിക്കാനോ ആയിരുന്നു ഈ ഒത്തുചേരലെങ്കില്‍, അതായിരുന്നു ആയിരക്കണക്കിന് വരുന്ന നിര്‍ദ്ദന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് കിട്ടുമായിരുന്ന ഏറ്റവും വലിയ സഹായം. അതു വലിയൊരു സാമൂഹ്യ പരിഷ്കരണമായി സമൂഹം എന്നെന്നും ഓര്‍മ്മിക്കുമായിരുന്നു.

വിവാഹകാര്യത്തില്‍ ഇസ്‌ലാം സ്ത്രീക്ക് വലിയ അധികാരവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവാഹമൂല്യം (മഹര്‍) എത്ര വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം പോലും സ്ത്രീകള്‍ക്കുണ്ട്. എന്നാല്‍ മഹര്‍ എന്നത് കേവലമൊരു അറബി വാക്കായി മാറ്റി നിര്‍ത്തി സ്ത്രീധനമെന്ന നാണക്കേടിനെ മഹത്വവല്‍ക്കരിച്ചിരിക്കയാണ് നാമിപ്പോള്‍. ഇതിന്റെ യഥാര്‍ത്ഥ ഇരകള്‍ പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികള്‍ തന്നെ. ഇവരെ കാണാനോ അവരുടെ ധൈന്യത മനസ്സിലാക്കാനോ ഒരു സമുദായ നേതൃത്തിനും ഇക്കാലമത്രയും നേരം കിട്ടിയില്ല എന്നത് സങ്കടകരം തന്നെ.

പ്രവാസികളായി ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്കറിയാം, നാട്ടില്‍ നിന്നും തങ്ങളെ തേടിവരുന്ന സഹായഭ്യര്‍ത്ഥനകളില്‍ ഒട്ടു മിക്കതും മകളുടെ കല്യാണത്തിനു സ്ത്രീധനമായി സ്വര്‍ണ്ണവും പണവും നല്‍കാന്‍ വേണ്ടിയാണെന്ന് . മകളെ കെട്ടിച്ചു വിടാന്‍ നാടുനീളെയുള്ള സമ്പന്നരുടെ വീട്ടുമുറ്റത്ത് അലഞ്ഞുതിരിഞ്ഞു കൈനീട്ടി നടക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചു അവരെ പാര്‍ശ്വവല്ക്കരിച്ചു വിടുന്ന ഈ സാമൂഹ്യവ്യവസ്ഥിതി നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ ഇതൊന്നും ഒട്ടും അലോസരപ്പെടുത്താതെ, വിവാഹ പ്രായം രണ്ടു വയസ്സ് കൂടിയാല്‍ ശരീയത്ത് തകര്‍ന്നുപോകും എന്ന് വിലപിക്കുന്ന, പരസ്പരം സലാം പറയുന്നത് പോലും ഹറാമാക്കപ്പെട്ടവര്‍, ശിര്‍ക്കും ബിദ്അത്തും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു വേദികള്‍ മലീസമാക്കുന്നവര്‍, ഭിന്നത മാറ്റി വെച്ച് ഒന്നിച്ചത് കാണുമ്പോള്‍ പെണ്ണ് കെട്ടിനപ്പുറം ദീനില്‍ മറ്റൊന്നിനും പ്രസക്തി ഇല്ലെ എന്ന് ചോദിച്ചു പോകുന്നു?

No comments:

Post a Comment