13 February 2014

ഓര്‍മ്മ 'പെരുന്നാളുകളുടെ' കാലം


ഒരു വാലെന്റൈന്‍ ദിനം കൂടി ആഗതമായിരിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 14 പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും വേണ്ടി സംവരണം ചെയ്ത ദിവസം. ആശംസാ കാര്‍ഡുകള്‍, പലതരം സമ്മാനങ്ങള്‍, സ്വര്‍ണ്ണത്തിന്റെയും, ഡയമണ്ടിന്റെയും ആഭരണങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന പതിവ് പോലെ ഇത്തവണയും പൊടി പൊടിച്ചു.


വാലെന്റൈന്‍ ദിന 'മഹത്വം' സ്മരിക്കപ്പെടുന്ന പുതു പുത്തന്‍ മാതൃകകളിലുള്ള ആഭരണങ്ങളുടെ വിപുല ശേഖരങ്ങളുടെ പരസ്യങ്ങളുമായി പ്രണയ ദിനത്തെ ഗംഭീരമാക്കാന്‍ ചാനലുകളിലൂടെയും, പത്രങ്ങളിലൂടെയും പരസ്യം നല്‍കി സ്വര്‍ണ വിപണി ഇത്തവണയും സജീവമായിരുന്നു. വിലപിടിപ്പുള്ള ആശംസാ കാര്‍ഡുകളും, മനോഹരമായ സമ്മാനങ്ങളും വാങ്ങി വെച്ച് കമുകീ കാമുകന്മാര്‍ ഈ ദിനത്തിന്റെ പുലരിക്കായ്‌ കാത്തിരുന്നു.


പത്ത് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ സ്വാതന്ത്ര്യ ദിനം, അദ്ധ്യാപക ദിനം, ശിശു ദിനം എന്നൊക്കെ കേട്ടതല്ലാതെ മറ്റൊരു ഓര്‍മ്മ പുതുക്കല്‍ ദിനത്തെ കുറിച്ചൊന്നും പൊതുവേ ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇന്നിപ്പോള്‍ വാലെന്റൈന്‍സ്‌ ഡേ, മദേര്‍സ് ഡേ, ഫദേര്‍സ് ഡേ, ഫാമിലി ഡേ, പാരന്റ്സ് ഡേ, വുമെന്‍സ് ഡേ എന്നിങ്ങനെ പലതരം ദിവസങ്ങള്‍ ലോകത്തു ഓര്‍മ്മിക്കപെടുന്നുവെന്നു കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം. എങ്കിലും മുകളില്‍ പരാമര്‍ശിച്ചവയില്‍ വാലെന്റൈന്‍സ്‌ ദിനം ഒഴിച്ച് മറ്റേതു ദിനമാണ് മലയാളി സമൂഹം ഇത്ര കെങ്കേമമായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നതു എന്ന് നോക്കിയാല്‍ അറിയാം ഇത്തരം ആഘോഷങ്ങള്‍ക്കിടയിലെ കച്ചവട താല്‍പ്പര്യം. ശിഷ്ട ജീവിതം മുഴുവന്‍ വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മമാരെ ഒരു നോക്ക് കാണാനോ അവരോടൊത്ത് അല്‍പ്പം നേരം ചിലവിടാനോ അവര്‍ക്കായി ആശംസകള്‍ നേരാനോ മദേര്‍സ് ഡേയില്‍ എത്ര മക്കള്‍ തയ്യാറായി കാണും?.

വര്‍ഷത്തില്‍ 365 ദിവസവും ആഘോഷമാക്കി കൊണ്ടാടാന്‍ ഓരോ കാരണങ്ങള്‍ ഉണ്ടെങ്കിലും അവയുടെ പുറകില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവട തന്ത്രം ശ്രദ്ധിക്കപെടാതെ പോകുന്നു. ജീവിതം അടിച്ചു പൊളിക്കാനും, ആഘോഷിക്കാനും മാത്രമുള്ളതാണെന്ന രീതിയില്‍ പരസ്യങ്ങളിലൂടെ താരങ്ങളും, ബിംബങ്ങളും നമ്മെ സദാ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം സാംസ്കാരിക അടിമത്വം പേറി നടക്കാന്‍ നമ്മുടെ യുവതലമുറയെ അവര്‍ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു.
വാലെന്റൈന്‍ ദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒരുക്കി ടി വി ചാനലുകള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. ഗള്‍ഫിലെ മലയാളികള്‍ക്ക് വാലെന്റൈന്‍ ദിന സന്ദേശങ്ങള്‍ ഗാനങ്ങളായി കൈമാറാന്‍ എഫ് എം റേഡിയോകള്‍ രംഗത്തുണ്ട്. വാട്സ്അപ്പ് എന്ന ഹംസത്തിന് പ്രണയ സന്ദേശങ്ങളുടെ ഒരു പ്രളയം തന്നെയായിരിക്കും ഈ ദിവസം കൈമാറേണ്ടി വരിക. മൊബൈല്‍ സേവനദാതാക്കള്‍ ഈ ദിനം പ്രമാണിച്ചു സൌജന്യ എസ്‌ എം എസ്‌ സൗകര്യം കൂടി നല്‍കുന്നുണ്ട്. വില കൂടിയ സമ്മാനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികമില്ലാത്ത പാവപെട്ട പ്രണയിതാക്കളെ സഹായിക്കുക എന്നത് ഒരു സാമൂഹ്യ ബാധ്യത അല്ലെന്ന് ആര്‍ക്കെങ്കിലും നിഷേധിക്കാന്‍ പറ്റുമോ?

എല്ലാ സംരഭങ്ങള്‍ക്കും ഒരു ലോഗോ ഉള്ളത് പോലെ വാലെന്റൈന്‍ ദിനത്തിനും അതിന്റേതായ ചിഹ്നമുണ്ട്. പ്രേമം തീഷ്ണമായതു കൊണ്ടാകാം ഹൃദയത്തിന്റെ മാതൃകയിലുള്ള ഇതിന്റെ നിറം കടും ചുകപ്പാണ്. സ്നേഹം കൂരംബിന്റെ രൂപത്തിലാണോ ഹൃദയത്തില്‍ ചെന്ന് പതിക്കുന്നതെന്ന് ആര്‍ക്കെങ്കിലും തോന്നിപോയാല്‍ അവര്‍ക്ക് പ്രണയത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നെ ഉത്തരമുള്ളു.
സാമൂഹ്യ നന്മക്കായി പൊതുജനത്തെ ബോധവത്കരിക്കാന്‍ വേണ്ടിയാണ് ലോകത്ത് പ്രത്യേക ദിനങ്ങള്‍ തെരെഞ്ഞെടുത്ത് കൊണ്ടാടുന്നതു. അതിലൂടെ ജനങ്ങള്‍ക്കിടയില്‍ ചില പ്രത്യേക വിഷയങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കപെടുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ദിവസങ്ങള്‍ കച്ചവട താല്‍പര്യം സംരക്ഷിക്കപെടാനുള്ളതായിട്ടാണ് അനുഭവപെടുന്നത്. വാലെന്‍റൈന്‍സ് ഡേയില്‍ വിറ്റു പോകുന്ന ആശംസാ കാര്‍ഡുകളുടേയും, സമ്മാനങ്ങളുടേയും, ആഭരണങ്ങളുടെയും കണക്കുകള്‍ നമ്മെ അമ്പരപ്പിക്കും. ഈ സ്ഥാപിത കച്ചവട താല്‍പ്പര്യങ്ങളുടെ മറ്റൊരു ഉദാഹരണമാണ് ഹൈന്ദവ പുണ്യ ദിനമായ അക്ഷയ തൃതീയ നാളിലെ സ്വര്‍ണ്ണ കച്ചവടം.

നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്നതായി പറയപ്പെടുന്ന ഒരു കഥയെ അടിസ്ഥാനമാക്കിയാണ് 'പ്രണയ ദിനം' എന്ന് ശ്രേഷ്ട മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപെട്ട വാലന്റൈന്‍ ദിനാഘോഷത്തിന്റെ ആരംഭം. പാശ്ചാത്യരുടെ നന്മകളെ തിരിഞ്ഞു നോക്കാത്ത നാം അവിടെത്തെ പുഴുകുത്തുകളെ വലിയ താല്‍പ്പര്യപൂര്‍വം സ്വീകരിച്ചു കൊണ്ട് വന്നു ആഘോഷിക്കാന്‍ മത്സരിക്കുന്നു.
വിവാഹം കഴിച്ചു ഭാര്യയും, കുട്ടികളുമായി യുവാക്കളെ ജീവിക്കാന്‍ അനുവദിച്ചാല്‍ യുദ്ധം ചെയ്യാന്‍ ആളെ കിട്ടില്ല എന്ന് മനസ്സിലാക്കിയ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ അവര്‍ക്കിടയില്‍ വിവാഹം പാടില്ല എന്നൊരു നിയമം നിര്‍മ്മിക്കുകയുണ്ടായി. ഇതനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലെ വിവാഹം നിയമ വിരുദ്ധമായി ഗണിക്കപെട്ടു. എന്നാല്‍ ചക്രവര്‍ത്തിയുടെ ഉത്തരവിനെ ധിക്കരിച്ചു രഹസ്യമായി വിവാഹം നടത്തി കൊടുത്തു രാജകല്‍പ്പന ധിക്കരിച്ചതിന്റെ പേരില്‍ ജയിലിലടക്കുകയും പിന്നീട് തല കൊയ്യപ്പെടുകയും ചെയ്യപ്പെട്ട ഒരു ക്രിസ്തുമത പുരോഹിതനായിരുന്നു സെന്റു വാലെന്റൈൻ.
ജയിലില്‍ കഴിയവേ ജയില്‍ വാര്‍ഡന്റെ മകളുമായി പ്രണയത്തിലാവുകയും റോമന്‍ പഗാനിസ്റ്റ്‌ വിശ്വാസിയായ ക്ലോഡിയസ് ചക്രവര്‍ത്തിയെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരില്‍ സെന്റു വാലെന്റൈന്റെ തലവെട്ടാന്‍ ക്ലോഡിയസ് ഉത്തരവിട്ടു. 
കൊല്ലപെടുന്നതിന് മുമ്പ് "ഫ്രം യുവര്‍ വാലെന്റൈന്‍ " എന്നെഴുതിയ ഒരു കുറിപ്പ്‌ അദ്ദേഹം കാമുകിക്ക് കൊടുത്തയച്ചിരുന്നു. ഈ ഒരു പ്രേമ സന്ദേശത്തില്‍ നിന്നുള്ള 'ഗുണപാഠം' ഉള്‍ക്കൊണ്ടാണ് ഭൂമുഖത്തെ കമിതാക്കള്‍ ഫെബ്രുവരി പതിനാലിന് പൂവും, പൂത്താലവും, ആശംസാ കാര്‍ഡുകളുമായി വാലെന്റൈന്‍ ദിനം ആഘോഷിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന ഈ കഥ ഇങ്ങു നാട്ടിലെത്താന്‍ വൈകിയത് കാരണം നമ്മുടെയൊക്കെ മുത്തശ്ശീ മുത്തച്ചന്മാര്‍ക്ക് നഷ്ടമായത് ഒരു പാട് പ്രണയ സമ്മാനങ്ങളാണ് .

No comments:

Post a Comment