13 October 2013

ആത്മസമര്‍പ്പണത്തിന്റെ സുദിനം


പള്ളികളും, ഈദ്ഗാഹുകളും തക്ബീര്‍ ധ്വനികള്‍കൊണ്ട് മുഖരിതമായിരിക്കുന്നു. എങ്ങും സന്തോഷവും ആഹ്ലാദവും അലതല്ലുന്നു ..........ഇന്ന് ബലിപെരുന്നാള്‍ സുദിനം. എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍.

ലോക മുസ്ലിംങ്ങളുടെ പ്രധാനപ്പെട്ട രണ്ട് ആഘോഷങ്ങളിലൊന്നാണ് ഈദുൽഅദ്ഹ എന്ന ബലിപെരുന്നാൾ. ത്യാഗത്തിന്റെയും, ആത്മസമര്‍പ്പണത്തിന്റെയും വിശുദ്ധിയില്‍ പടുത്തുയര്‍ത്തിയ അചഞ്ചലമായ വിശ്വാസത്തിന്റെ ആഘോഷാവിഷ്‌കാരം. തുടരെ തുടരെയുള്ള പരീക്ഷണങ്ങള്‍ ക്ഷമയോടെ ശിരസാവഹിച്ച്, അള്ളാഹുവിന്റെ തൃപ്തി കൈവരിച്ച പ്രവാചകന്‍ ഇബ്രാഹിമിന്റെ (അ സ) ഇതിഹാസ തുല്യമായ ജീവിതഗാഥയുടെ ഓര്‍മ്മ പുതുക്കല്‍.

ത്യാഗവും, സഹനവും, ആത്മസമര്‍പ്പണവുമാണ് ഒരു വിശ്വാസ സമൂഹത്തിന്റെ ഒഴിച്ച്കൂടാനാവാത്ത ഗുണമേന്മയെന്നു പ്രഖ്യാപിക്കുന്നതാണ്, ഇസ്ലാമിലെ പഞ്ചസ്തംബങ്ങളിലൊന്നായ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ക്കിടയില്‍ ആഘോഷിക്കപ്പെടുന്ന ബലിപെരുന്നാളിന്റെ സന്ദേശം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ്‌ കേവലമൊരു ആരാധനക്കുമപ്പുറം ത്യാഗവും, ക്ഷമയും പരിശീലിക്കാനുള്ള പരിശീലന കളരി കൂടിയാണ്. ഇസ്ലാമിലെ മറ്റെല്ലാ ആരാധനകളെക്കാളും  ശാരീരികദ്ധ്വാനം കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ട ഒരു ആരാധനയാണ് ഹജ്ജ്‌. സ്വീകാര്യമായ ഹജ്ജ്‌ നിര്‍വ്വഹിച്ച ഒരാള്‍ നവജാത ശിശുവിനെപ്പോലെ പരിശുദ്ധനാകുന്നു വെന്നു പ്രവാചക വചനം (സ അ സ). ഹജ്ജിന്റെ കർമ്മങ്ങളില്‍ അധികവും ഇബ്രാഹിം നബിയുമായി ബന്ധപ്പെട്ടുള്ള സ്മരണകള്‍ പുതുക്കലാണ്.

പ്രിയപ്പെട്ട മകന്‍ ഇസ്മായിലിനെ (അ സ) അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ബലിനൽകാൻ ഇബ്രാഹിം നബിയോട് കൽപ്പിക്കപ്പെട്ടു. വിവരം ഇസ്മയിലിനെ അറിയിച്ചപ്പോൾ അനുസരണയോടെ അത് ശിരസാവഹിച്ചു. അറുക്കാൻ തുനിഞ്ഞപ്പോള്‍ ആ വിശ്വാസ ദൃഡത അംഗീകരിച്ചു കൊണ്ട്, അള്ളാഹു പകരം ഒരാടിനെ ബലിയറുക്കാന്‍ നിർദ്ദേശിച്ചു. ഹാജിമാര്‍ക്കൊപ്പം ലോകമെങ്ങുമുള്ള വിശ്വാസികള്‍ ബലിയറുത്തു കൊണ്ട് ഈ ത്യാഗത്തിന്റെ ഓര്‍മ്മ പുതുക്കുന്നു. ഇബ്റാഹിം നബിയെ പിന്തിരിപ്പിക്കാൻ പിശാച് കിണഞ്ഞു പരിശ്രമിക്കുന്നു. എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ചു പിശാചിനെ തുരത്തി പ്രവാചകന്‍ വിജയശ്രീലാളിതനാകുന്നു. അതിന്റെ  ഓര്‍മ്മ അയവിറക്കി കൊണ്ടാണ് മിനായിലെ ജമ്രകളില്‍ പ്രതീകാത്മകമായി ഹാജിമാര്‍ കല്ലെറിയുന്നത്. മനുഷ്യന്‍ തന്റെ ദേഹേച്ഛകളെ കല്ലെറിഞ്ഞു തുരത്തുകയാണിവിടെ ചെയ്യുന്നത്.



പ്രവാചക പത്നി ഹാജറ അനുഭവിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയാണ്‌ ഹജ്ജിന്റെ മറ്റൊരു ചടങ്ങായ സ‌അയ്  (സഫാ മര്‍വ്വക്കിടയിലെ നടത്തം ). മരുഭൂമിയിൽ ദാഹിച്ച് വലഞ്ഞു മരണത്തോടു മല്ലിടുന്ന തന്റെ കൊച്ചുമകനു വെള്ളം തേടി ഹാജറ സഫ, മർ‌വ മലകൾക്കിടയിൽ ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. സഫക്കും മർ‌വക്കും ഇടയില്‍ ഏഴാമത് ഓടിയെത്തിയപ്പോൾ കുഞ്ഞു കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഒരു നീരുറവ പൊട്ടിയൊഴുകുന്നതായി അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ്‌ അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും മക്ക പട്ടണത്തിന്റെ വികാസത്തിനും കാരണമായത്‌. സംസം എന്ന പേരിലറിയപ്പെടുന്ന ഈ ഉറവ അനവധി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും നിലയ്ക്കാതെ ഒഴുകുന്നു.

ആത്മീയ നിര്‍വൃതിയാണ് പെരുന്നാളിന്റെ കരുത്തു. ലോകത്തിലെ പ്രബല മതങ്ങളായ ഇസ്ലാമതവും, ക്രിസ്തുമതവും, ജൂതമതവും ഇബ്റാഹിം നബിയെ അവരുടെ പ്രവാചകനായും, പിതാമഹനായും ഒരേപോലെ പരിഗണിക്കുന്നു.
മൂത്തപുത്രന്‍ ഇസ്മായില്‍ നബിയുടെ സന്താന പരമ്പരയില്‍ കൂടി അറബ് വംശവും, മറ്റൊരു മകനായ ഇസ്ഹാഖിലൂടെ ഇസ്രായേല്‍ സമൂഹവും നിലവില്‍ വന്നു. ഇസ്രായീല്യരില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും വ്യതിചലിച്ചവരെ പ്രബോധനം ചെയ്യാന്‍  അവരിലേക്ക് നിയുക്തനായ മറ്റൊരു പ്രവാചകനായിരുന്നു ഈസാനബി (അ സ).

ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച പ്രവാചകനാണ് ഇബ്രാഹിം നബി. അദ്ദേഹത്തിന്റെ ജനനം ഇറാക്കിലെ ബാഗ്ദാദില്‍ നിന്നും അകലെയുള്ള ഊര്‍ എന്ന ഗ്രാമത്തിലായിരുന്നു. ഇസ്ലാമിക ഭൂമികയില്‍ ഏറെ പ്രാധാന്യത്തോടെ സ്മരിക്കപെടുന്ന പ്രവാചകനാണ്‌ ഇബ്റാഹിം നബി. പ്രവാചകന്മാരുടെ പിതാവ് എന്നാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. അള്ളാഹുവിന്റെ ചങ്ങാതി (ഖലീലുള്ളാഹ്) എന്നാണ്‌ പ്രവാചകനായ ഇബ്റാഹിമിനെ പരിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത്. ബൈബിൾ ഈ പ്രവാചകനെ അബ്രഹാം എന്നാണ് പരിചയപ്പെടുത്തുന്നതു. 
ഇബ്റാഹിം നബിയുടെ വിശ്വാസത്തെ മില്ലത്ത് ഇബ്റാഹിം (ഇബ്റാഹിം നബിയുടെ മാർഗ്ഗം) എന്നാണ്‌ അറിയപ്പെടുന്നത്. ഇബ്രാഹിം നബി സ്വയം ഒരു സമുദായമായിരുന്നു എന്നും പരിശുദ്ധ ഖുർആൻ പറയുന്നു. ഇബ്റാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും ചേർന്നാണ്‌ ക‌അബാലയം പണിതീർത്തത്. ഖുര്‍ആനില്‍ ഇരുപത്തിയഞ്ച് അധ്യായങ്ങളിലായി 69 സ്ഥലങ്ങളില്‍ ഇബ്രാഹി നബിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്.

ഇബ്രാഹിം നബിയുടെ പിതാവ്‌ ആസര്‍ നമ്രൂദിന്റെ കൊട്ടാരത്തിലെ പുരോഹിതനായിരുന്നു. നമ്രൂദുമായി ഇബ്രാഹിം നബി സംവദിക്കുന്നുതു ഖുര്‍ആന്‍ വിശകലനം ചെയ്യുന്നുണ്ട്. വിശ്വാസ കാര്യത്തില്‍ പിതാവും, നാട്ടുകാരും, ഭരണകൂടവും അദ്ദേഹത്തിനെതിരായിരുന്നു. പിതാവിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കെതിരായിരുന്നതിനാല്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നിട്ടും പിതാവിന് പൊറുത്തു കൊടുക്കാന്‍ അള്ളാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടിരുന്നു അദ്ദേഹം. സൂര്യചന്ദ്രന്മാരിലും നക്ഷത്രങ്ങളിലും അല്ലാഹുവിന്റെ മാഹാത്മ്യം ദര്‍ശിച്ചു. അവയെ ദൈവങ്ങളായി കണ്ടിരുന്ന ജനങ്ങളുടെ വിഡ്ഢിത്തത്തെ യുക്തി സഹിതം ഖണ്ഡിച്ചു. അസ്തമിച്ചുപോകുന്നതൊന്നിനും ഇലാഹാകാനാവില്ലെന്ന് പറഞ്ഞു അദ്ദേഹം അവരെ തിരുത്തി.

പിന്നീട് നാടും വീടും ഉപേക്ഷിച്ചു ഇബ്രാഹിം നബി ഫലസ്തീനിലുള്ള അല്‍ഖലീല്‍ പട്ടണത്തിലെത്തി. അദ്ദേഹത്തിന്റെ ഖബറിടം ഫലസ്തീനിലാണ് സ്ഥിതി ചെയ്യുന്നത്.

കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുകയും, സ്നേഹവും ആദരവും പരസ്പരം പങ്കിടുലുമാണ് പെരുന്നാളിന്റെ ആത്മാവ്. വ്യത്യസ്ത മനുഷ്യരുമായി സൗഹൃദങ്ങള്‍ കെടാതെ സൂക്ഷിക്കണം. അശരണരെയും, അഗതികളെയും സഹായിക്കാന്‍ മുന്നിട്ടിറങ്ങണം. അതോടെ പെരുന്നാള്‍ സുദിനം ആഘോഷത്തോടൊപ്പം ഒരാരാധനയായി തീരും .

സമാധാനത്തിന്‍റെ, സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ പെരുന്നാള്‍ ദിനം ഉപകരിക്കട്ടെ എന്ന് ആശിക്കുന്നു.


No comments:

Post a Comment