03 November 2013

സ്വപ്നങ്ങള്‍ക്ക് കുഴി തോണ്ടുമ്പോള്‍

''സ്വപ്‌നം കാണുക, സ്വപ്‌നങ്ങള്‍ ചിന്തകളായി മാറും, ചിന്തകള്‍ പ്രവൃത്തിയിലേക്കു നയിക്കും.''- മുന്‍ രാഷ്ട്രപതിയും, ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ ഉപജ്ഞാതാവുമായ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത് . തന്റെ മുമ്പിലിരിക്കുന്ന കുട്ടിളെ അഭിസംബോധനം ചെയ്തു കൊണ്ട് ഭാവിയെ കുറിച്ചുള്ള നല്ല പ്രതീക്ഷ നല്‍കുകയായിരുന്നു 'അഗ്നിചിറകുകളുടെ' കര്‍ത്താവ്. കുട്ടികള്‍ സ്വപ്‌നം കണ്ടു വളരുമ്പോള്‍ അവര്‍ക്ക് പ്രതീക്ഷയും, ആത്മവിശ്വാസവും വര്‍ദ്ധിക്കും എന്ന് കലാമിന്റെ തിയറി.


മനുഷ്യരില്‍ സ്വപ്‌നം കാണാത്തവരായി ആരുമുണ്ടാവില്ല എന്ന് തന്നെ പറയാം. സന്തോഷകരവും ഭീതിപ്പെടുത്തുന്നതുമായ ഒരു പാട് സ്വപ്‌നങ്ങള്‍ ചെറുപ്പത്തില്‍ കണ്ടതായി മിക്കവരുടെയും ഓര്‍മ്മയില്‍ കാണും. സങ്കീര്‍ണത നിറഞ്ഞ മനുഷ്യ മനസ്സിന്റെ അകത്തളത്തിലേക്ക് ശാസ്ത്രത്തിനു കാര്യമായ പ്രവേശനം ഇനിയും ലഭിച്ചിട്ടില്ല. അബോധമനസ്സിന്റെ ഈ ഒളിച്ചുകളിയില്‍ മനുഷ്യന്റെ വികാരങ്ങളും, വിചാരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു. മനശാസ്ത്രവും, സയന്‍സും വളര്‍ന്നു പന്തലിച്ച ഈ കാലഘട്ടത്തിലും സ്വപ്‌നങ്ങളിലും സ്വപ്‌ന വ്യാഖ്യാനങ്ങളിലും സാമാന്യ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന് ഒട്ടും കോട്ടം സംഭവിച്ചിട്ടില്ല.

നമ്മുടെ ഇതിഹാസങ്ങളും, പുരാണങ്ങളും, മതഗ്രന്ഥങ്ങളും സ്വപ്‌നങ്ങളാല്‍ സമ്പല്‍സമൃദ്ധമാണ്. മതാചാര്യന്മാരും, പുണ്യാത്മാക്കളും കണ്ട ഒരുപാട് ദിവ്യസ്വപ്‌നങ്ങളെ കുറിച്ച് അവ നമ്മെ ഉണര്‍ത്തുന്നു.


ഖുര്‍ആനില്‍ സ്വപ്‌നങ്ങളെ കുറിചുള്ള ചില പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും.
പ്രവാചകനായ ഇബ്രാഹിം നബി (അ) മകന്‍ ഇസ്മായിലിനോട് (അ) താന്‍ കണ്ട സ്വപ്നത്തെ കുറിച്ച് വിവരിക്കുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. "എന്റെ പ്രിയപ്പെട്ട മകനെ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്‌നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്." അവന്‍ പറഞ്ഞു: "പിതാവേ , അങ്ങ് കല്‍പന നടപ്പാക്കിയാലും. അള്ളാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്ക്കെന്നെ കാണാം."

ഖുര്‍ആനില്‍ തന്നെ മറ്റൊരിടത്തു യുസുഫ്‌ നബിയുടെ കാലത്തുണ്ടായിരുന്ന ഒരു രജാവ്‌ താന്‍ കണ്ട സ്വപ്‌നത്തെ വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് രാജസദസ്സിലെ പ്രമാണിമാരോട് ഇങ്ങിനെ പറയുന്നു. "ഞാനൊരു സ്വപ്‌നം കണ്ടിരിക്കുന്നു; ഏഴു തടിച്ചു കൊഴുത്ത പശുക്കള്‍. അവയെ ഏഴു മെലിഞ്ഞ പശുക്കള്‍ തിന്നുകൊണ്ടിരിക്കുന്നു. അതോടൊപ്പം ഏഴു പച്ചക്കതിരുകളും ഏഴു ഉണങ്ങിയ കതിരുകളും. അതിനാല്‍ വിദ്വാന്മാരേ, എന്റെ ഈ സ്വപ്‌നത്തിന്റെ പൊരുള്‍ എനിക്ക് പറഞ്ഞുതരിക. നിങ്ങള്‍ സ്വപ്‌ന വ്യാഖ്യാതാക്കളാണെങ്കില്‍!”

ബൈബിളിലും സ്വപ്‌നത്തെ സംബന്ധിച്ച വിശദമായ കഥകള്‍ വായിക്കാം.
'യോസഫ്  (യൂസുഫ്‌ നബി) തടവിലായതിനുശേഷം രണ്ടു വർഷം കഴിഞ്ഞു. മിസ്രയീം (ഈജിപ്ത്) രാജ്യത്തെ രാജാവായിരുന്നു ഫറവോൻ ഒരു ദിവസം ഉറക്കത്തിൽ രണ്ടു സ്വപ്‌നങ്ങൾ കണ്ടു. ഫറവോൻ നദീ തീരത്ത് നിൽക്കുമ്പോൾ നല്ല തടിച്ച് ആരോഗ്യമുള്ള ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്തെ പുല്ല് തിന്നുകൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോഗ്യമില്ലാത്ത മെലിഞ്ഞ ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്ത് പുല്ലു തിന്നു കൊണ്ട് നിന്ന ആരോഗ്യമുള്ള ഏഴു പശുക്കളുടെ അടുത്ത് വന്നു നിന്നിട്ട്, ആരോഗ്യമുള്ള പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നു. അപ്പോഴേക്കും ഫറവോൻ ഉണർന്നു. വീണ്ടും ഫറവോൻ ഉറങ്ങി. ഫറവോൻ ഉറക്കത്തിൽ മറ്റൊരു സ്വപ്‌നം കണ്ടു. ഒരു തണ്ടിന്മേൽ നല്ല കരുത്തുള്ള ഏഴ് കതിരുകൾ പൊങ്ങി വന്നു. അവയ്ക്ക് പിന്നാലെ കരിഞ്ഞുണങ്ങിയ ഏഴു കതിരുകളും പൊങ്ങി വന്നു. എന്നിട്ട് കരിഞ്ഞുണങ്ങിയ കതിരുകൾ നല്ല കതിരുകളെ തിന്നു. ഉറക്കത്തിൽ നിന്ന് ഫറവോൻ ഞെട്ടി ഉണർന്നു..........' ബൈബിളിന്റെയും ഖുര്‍ആന്റെയും പരാമര്‍ശങ്ങള്‍ സാമ്യമുള്ളതാണ്.

മഹാഭാരതത്തിലും സ്വപ്നത്തെ കുറിച്ച കഥകള്‍ സുലഭം
'മയക്കത്തില്‍ അര്‍ജ്ജുനന്‍ അത്ഭുതകരമായ ഒരു സ്വപ്‌നം കണ്ടു. താനും കൃഷ്‌ണനും കൂടി ഒരു യാത്ര പുറപ്പെട്ടിരിക്കുന്നു. കൃഷ്‌ണന്‍ തന്റെ കയ്യില്‍ ബലമായി അമര്‍ത്തി പിടിച്ചിരിക്കുന്നു. തങ്ങളുടെ ശരീരത്തിന്‌ അല്‌പം പോലും ഭാരം അനുഭവപ്പെടുന്നില്ല. ആകാശത്തിലൂടെ ഒരു പഞ്ഞിക്കെട്ടുപോലെ സഞ്ചിരിച്ചു കൊണ്ടിരുന്നു. മേരു പര്‍വ്വം കടന്ന്‌ ആ യാത്ര മഞ്ഞു മലകളാല്‍ ചുറ്റപ്പെട്ട കൈലാസത്തിലെത്തിച്ചേര്‍ന്നു. .................'


ഇവയൊക്കെ മതഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്ന ദിവ്യസ്വപ്‌നങ്ങള്‍. എന്നാല്‍ ഉത്തര്‍പ്രദേശില്‍
നിന്നും ഭാവിയില്‍ ലോകചരിത്രത്തില്‍ ഇടം നേടിയേക്കാവുന്ന മറ്റൊരു സ്വപ്‌ന ദര്‍ശനത്തിന്റെ കഥ പുറത്ത് വന്നിരിക്കുന്നു. അവിടെത്തെ ഉന്നാവോ ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള പുരാതന കോട്ടക്കടിയില്‍ 1000 ടണ്‍ സ്വര്‍ണം കുഴിച്ചിട്ടിട്ടുണ്ടെന്നും, അത് പുറത്തെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറണമെന്നും, ശോഭന്‍ സര്‍കാര്‍ എന്നൊരു സന്യാസിക്ക് സ്വപ്നദര്‍ശനം ഉണ്ടായിരിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ മരിച്ചു പോയ രാജാറാവു ബക്ഷ് സിംഗ് എന്ന രാജാവ് തന്റെ കോട്ടക്കടിയില്‍ കുഴിച്ചിട്ടതാണത്രേ ഈ സ്വര്‍ണ്ണ നിക്ഷേപം. 

‘വിലയേറിയ’ ഈ സ്വപ്നത്തിന്റെ വിവരം തന്‍െറ ഉറ്റ സുഹൃത്തായ കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിക്ക് കൈമാറി എന്നും, അദ്ദേഹം അത് ഖനിമന്ത്രി, കേന്ദ്ര പുരാവസ്തു വകുപ്പ്‌ എന്നിവരെ   അറിയിച്ചുവെന്നും വാര്‍ത്ത. കൂടാതെ ഈ വിവരം കാണിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തെഴുതുകയും ചെയ്തുവത്രേ. കേന്ദ്ര മന്ത്രിസഭയില്‍ സ്വപ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മന്ത്രി ഇല്ലാത്തത് ഒരു പോരായ്മതെന്നെ. ഭാവിയില്‍ വെളിപെട്ടെക്കാവുന്ന പുതിയ സ്വപ്‌നങ്ങള്‍ വ്യാഖ്യാനിക്കാന്‍ അത്തരമൊരു മന്ത്രി പദവി ഏറെ ഗുണകരമായിരിക്കും.

സ്വപനം വെളിപ്പെടെണ്ട താമസം. രാജ്യത്തെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഗവേഷകരും, ഭൂഗര്‍ഭ ശാസ്ത്രജ്ഞരുമടങ്ങിയ ഒരു  സംഘം വന്‍സന്നാഹങ്ങളോടെ സ്വര്‍ണ്ണ വേട്ടക്കിറങ്ങി. സ്വര്‍ണ്ണം ഉണ്ടെന്നു പറഞ്ഞ സ്ഥലത്തെ നൂറ് ചതുരശ്രമീറ്റര്‍ വിസ്ത്രതിയിലുള്ള മണ്ണ് ഒരാഴ്ചയോളം അരിച്ചു പെറുക്കുകയായിരുന്നു. മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തിട്ടും സ്വര്‍ണ്ണ കൂമ്പാരം തടയാത്തിനാല്‍ ഇളീഭ്യരായി  'ഖനനം' അവസാനിപ്പിച്ചു കരപറ്റിയിരിക്കായാണിപ്പോള്‍. കുറ്റം പറയരുതല്ലൊ, മെനക്കെട്ടതിനു പൊട്ടിപൊളിഞ്ഞ കുറെ  മണ്‍പാത്രങ്ങളും, പഴയ ആണികള്‍, പൊളിഞ്ഞ കുപ്പിവള തുണ്ടുകള്‍ എന്നി വിലപിടിപ്പുള്ള ചരിത്ര വസ്തുക്കള്‍ കിട്ടിയതായാണ് പത്രവാര്‍ത്തകള്‍. (ഇതൊക്കെ ആരുടെ പറമ്പ് മാന്തിയാലും കിട്ടുമെന്ന് ചിന്തിക്കുന്ന ദോഷൈകദൃക്കുകളോട് മറുപടി ഇല്ല). അതെ സമയം, തന്നെ ഉള്‍പ്പെടുത്താതെ ഉല്‍ഘനനം നടത്തിയതാണ് സ്വര്‍ണ്ണ കൂമ്പാരം കണ്ടെത്താന്‍ കഴിയാത്തതിന് കാരണമെന്ന് സന്യാസി പറയുന്നു.
ഇന്ത്യന്‍ രൂപക്ക് കുത്തനെ വിലയിടിവ് നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ 1000 ടണ്‍ സ്വര്‍ണം കിട്ടിയാല്‍ രാജ്യം സാമ്പത്തികമായി കരകയറുമെന്നത് യാഥാര്‍ത്ഥ്യം തന്നെ. മേല്‍പറഞ്ഞ അളവില്‍ സ്വര്‍ണ്ണം മാന്തിയെടുക്കാന്‍ സാധിച്ചാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് രാജ്യത്തിന് 4000 കോടി അമേരിക്കന്‍ ഡോളര്‍ ലഭിക്കുമത്രെ. റിസര്‍വ് ബാങ്കിന്റെ സ്ഥിതിയാണെങ്കില്‍ പരമ ദയനീയം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ഉലയുന്നു. അഴിമതിയും, കുംഭകോണങ്ങളും, ധൂര്‍ത്തും, വിദേശ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവും കാരണം ഖജനാവ് കാലിയായി കിടക്കുന്നു. കിട്ടുകയാണെങ്കില്‍ ഒരു 1000 ടണ്‍ സ്വര്‍ണം ഇങ്ങ് പോരട്ടെ എന്നായി സര്‍ക്കാരിന്റെ ചിന്ത. ദാരിദ്ര്യം ഏറുമ്പോള്‍ ചിന്തകള്‍ സുഭിക്ഷമായിരിക്കുമല്ലോ? 

കേവലമൊരു സ്വപ്നത്തിന്റെ മറവില്‍ പുരാവസ്തു വകുപ്പ്‌ നടത്തിയ ഈ പര്യവേഷണത്തിനെതിരെ പല കോണുകളില്‍  നിന്നും പരിഹാസമുയര്‍ന്നതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണവുമായി രംഗത്തിറങ്ങിയിരിക്കയാണിപ്പോള്‍. സ്വപ്നത്തെ അടിസ്ഥാനമാക്കിയല്ല ഉല്‍ഘനനം നത്തിയതെന്നും ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോട് ചേര്‍ന്ന ഭൂമിയില്‍ ലോഹങ്ങളുടെ സാന്നിധ്യം കണ്ടത്തിയിരുന്നുവെന്നുമാണ് പുതിയ വിശദീകരണം. നമ്മുടെ ഭരണകൂടവും, ഉദ്യോഗസ്ഥ വര്‍ഗ്ഗവും ജീവിക്കുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോ അതോ തമോയുഗത്തിലാണോ എന്ന് തോന്നിപ്പോന്നു ഇത്തരം മൂഡമായ ചെയ്തികള്‍ കാണുമ്പോള്‍. അന്ധവിശ്വാസങ്ങള്‍ക്ക് ഔദ്യോഗിക പര്യവേശം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരു മടിയും ഇല്ലാതായിരിക്കുന്നു.

No comments:

Post a Comment