07 January 2014

916 പരിശുദ്ധിയും 786 'വിശുദ്ധി'യും

"ഇസ്ലാം മതത്തിന്‌ ഏറെ പ്രാധാന്യമുള്ള മക്ക, മദീന, 'വിശുദ്ധ സംഖ്യയായ 786' എന്നിവ ആലേഖനം ചെയ്‌ത സ്വര്‍ണ്ണനാണയം വിപണിയില്‍ ...... 916 പരിശുദ്ധിയുള്ള 24 കാരറ്റില്‍ തീര്‍ത്ത ഈ സ്വര്‍ണ്ണനാണയങ്ങള്‍ കൊച്ചിയില്‍ നടന്ന ഒരു പ്രത്യേക ചടങ്ങിലാണ് പുറത്തിറക്കിയത്......" ഈയിടെ ഒരു പ്രമുഖ പത്രത്തില്‍ കണ്ട വാര്‍ത്തയിലെ ഏതാനും വരികളാണു മുകളിള്‍ കൊടുത്തിട്ടുള്ളത്. ഇതിലെന്താണിത്ര പുതുമയെന്നു സ്വാഭാവികമായും ചോദ്യമുയരാം. ഇപ്പോള്‍ തന്നെ അള്ളാഹു, മുഹമ്മദു തുടങ്ങിയ പരിശുദ്ധ നാമങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും, താലിമാലകളും വിപണിയില്‍ ധാരാളമായുണ്ട്. എങ്കിലും അവയൊന്നും സ്വര്‍ണ്ണക്കമ്പോളത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പെണ്ണ്കാണല്‍ ചടങ്ങ്, കല്ല്യാണം, കാത്കുത്ത് , തൊട്ടിലാഘോഷം, ജന്മദിനം, കല്യാണവാര്‍ഷികം തുടങ്ങിയ വ്യക്തിഗത ചടങ്ങുകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇസ്ലാമിലെ ആഘോഷങ്ങളും, അനുഷ്ടാനങ്ങളും സ്വര്‍ണ്ണ വിപണിയെ കാര്യമായി സ്വാധീനിക്കാറില്ല എന്നതാണ് വാസ്തവം.



അതേസമയം ഹൈന്ദവ വിശ്വാസികളുടെ പുണ്യദിനമായ അക്ഷയതൃതീയയുടെ കച്ചവട സാധ്യത വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ സ്വര്‍ണ്ണവിപണിക്ക് കഴിയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണ്ണം വാങ്ങാനായി ഒരു പ്രത്യേക ദിവസമുണ്ടെന്ന കാര്യം മലയാളികള്‍ക്ക് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പേ അക്ഷയതൃതീയ മുന്നില്‍ കണ്ടു സ്വര്‍ണ്ണം വാങ്ങാന്‍ മലയാളികളും, കച്ചവടം കൊഴുപ്പിക്കാന്‍ വ്യാപാരികളും മത്സരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് നാട്ടിലെയും, കര്‍ണ്ണാടകയിലെയും സ്വര്‍ണ്ണ വ്യാപാരികള്‍ തുടങ്ങിയതാണത്രെ അക്ഷയതൃതീയ നാളിലെ സ്വര്‍ണ്ണ കച്ചവടം. പിന്നീടത് കേരളത്തിലെ സ്വര്‍ണ്ണ വിപണി ഏറ്റെടുക്കുകയായിരുന്നു. ചാനലുകള്‍ പരസ്യം നല്‍കി കച്ചവടം പ്രോത്സാഹിപ്പിച്ചു. ആളുകള്‍ സ്വര്‍ണക്കടകള്‍ക്കു മുന്നില്‍ തടിച്ചു കൂടി. ഇത്തവണ കേരളത്തില്‍ അക്ഷയതൃതീയ നാളില്‍ മാത്രം 500 കോടിയില്‍ പരം രൂപയുടെ സ്വര്‍ണ്ണക്കച്ചവടം നടന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.

കേരളീയ സമൂഹത്തില്‍ ഏതു മതവിശ്വാസമായാലും ശരി, ആത്മീയതയുടെ മേമ്പൊടി ചേര്‍ത്ത് തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്‌താല്‍ ഏതു വസ്തുവും വിറ്റഴിക്കാന്‍ എളുപ്പമാണ്. അതിനു വേണ്ട പ്രചാരം നല്‍കി പ്രോത്സാഹിപ്പിക്കാന്‍ ചാനലുകളും, പത്രങ്ങളും തയ്യാറായി നില്‍ക്കുന്നു. ഭാഗ്യ രത്നങ്ങള്‍ മുതല്‍ അറബി മാന്ത്രിക ഏലസ്സുകള്‍ വരെ പരസ്യം ചെയ്യാന്‍ സ്ക്രോള്‍ബാറുകളും, ക്ലാസിഫൈഡ് കോളങ്ങളും ഒരുക്കി വെച്ച് ഇവര്‍ മത്സരിക്കുന്നു. ഈ ഒരു പാശ്ചാത്തലത്തില്‍ 916 ന്റെ പരിശുദ്ധിയും, 786 ന്റെ 'വിശുദ്ധിയും' തമ്മില്‍ വിളക്കിചേര്‍ത്ത സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറികള്‍ക്കു മുമ്പില്‍ കാത്തു നില്‍ക്കുന്ന ഒരു വിഭാഗത്തെ കൂടി സൃഷ്ടിക്കാന്‍ സ്വര്‍ണ്ണ വിപണിക്ക് കഴിയുമെന്നു കരുതുന്നതില്‍ അതിശയോക്തിയുണ്ടെന്നു തോന്നുന്നില്ല.

                                     

786 എന്ന സംഖ്യക്ക് ഇസ്ലാമിക വിശ്വാസത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും വിശുദ്ധി അവകാശപെടാനുണ്ടോ? അക്കങ്ങളും, ചിഹ്നങ്ങളും, വര്‍ണ്ണങ്ങളും മതത്തിലേക്ക് ചേര്‍ത്ത് വെക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? 

മതചിട്ടയനുസരിച്ച് ജീവിക്കുന്ന ഒരു മുസ്ലിം ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും
'പരമകാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ നാമത്തില്‍ ഞാന്‍ തുടങ്ങുന്നു' എന്നര്‍ത്ഥം വരുന്ന ബിസ്മി ചൊല്ലിയാണ് ആരംഭിക്കുക. ഈ പരിശുദ്ധ വചനത്തിലെ അറബി അക്ഷരങ്ങളെ ഒറ്റതിരിച്ച് അവയ്ക്ക് ഓരോന്നിനും പ്രത്യേകം മൂല്യം നല്‍കുമ്പോള്‍ കിട്ടുന്ന ആകെ തുകയാണ് 786.

അറബി ഭാഷയില്‍ ആകെ ഇരുപത്തെട്ടു അക്ഷരങ്ങളാണ് നിലവിലുള്ളത്.
അവയെ ഒന്ന് മുതല്‍ ആയിരം വരെയുള്ള ഗണിത മൂല്യം നല്കി താഴെ പട്ടികയില്‍ കാണിച്ചതു പോലെ ക്രോഡീകരിച്ചിരിക്കുന്നു. പ്രവാചകനു ശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞ് അബ്ബാസിയ ഖലീഫമാരുടെ ഭരണ കാലത്താണ് ഈ ഗണിത സിദ്ധാന്തം രൂപപ്പെട്ടത് എന്നാണു കരുതപ്പെടുന്നത്. സംഖ്യാശാസ്ത്രം, ജ്യോതിഷം, കൈനോട്ടം എന്നിവയോട് ശക്തമായി തന്നെ വിയോജിക്കുന്ന മതമാണ്‌ ഇസ്ലാം. അതെ സമയം ഹിസാബു ജുമല്‍ (സംഖ്യാ മനനം ) അടിസ്ഥാനമാക്കിയുള്ളതാണ് ഈ 'മൂല്യവല്‍ക്കരണം'. താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും അറബി അക്ഷരങ്ങളുടെ 'മൂല്യം' ശ്രദ്ധിക്കുക.

                                                        

ഇതനുസരിച്ച് എങ്ങിനെയാണ് ബിസ്മിക്ക് 786 എന്ന മൂല്യം കൈവരുന്നതെന്ന് പരിശോധിക്കാം. ബിസ്മിയില്‍ അടങ്ങിയിട്ടുള്ള അക്ഷരങ്ങളെ താഴെ കാണുന്ന രീതിയില്‍ വേര്‍തിരിച്ചു എഴുതുന്നു. മുകളിലെ പട്ടിക പ്രകാരമുള്ള മൂല്യം ഓരോ അക്ഷരങ്ങള്‍ക്കും നല്കിയിരിക്കുന്നു. ഇവയുടെയെല്ലാം മൂല്യം കൂട്ടിയാല്‍ കിട്ടുന്ന ആകെ തുകയാണ് 786.


786 ന് ബിസ്മിയുമായോ, മതവുമായോ ഒരു ബന്ധവുമില്ല എന്നാതാണു യാഥാര്‍ത്ഥ്യം.
ഇന്ത്യ, പാക്കിസ്താന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് ബിസ്മിക്ക് പകരമായി 786 വ്യാപകമായി ഉപയോഗിക്കുന്നത്. കേരളത്തിലും 786നു നല്ല പ്രചാരം കിട്ടിയിട്ടുണ്ട്. കല്ല്യാണകുറികള്‍, മതപരമായ അറിയിപ്പുകള്‍, സംഭാവന രശീതികള്‍, പള്ളി മിനാറുകള്‍, മീസാന്‍ കല്ല് എന്നിവിടങ്ങളില്‍ ബിസ്മിക്ക് പകരം 786 ഉപയോഗിക്കുന്നത് കാണാം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ 786 ലഭിക്കാന്‍ പതിനായിരവും ലക്ഷങ്ങളും മുടക്കുന്നവര്‍ ധാരാളം. ഇതിന്റെയൊക്കെ ഫലമായി പൊതുസമൂഹത്തില്‍ 786 ന് ആത്മീയതയുടെ പരിവേഷം ചാര്‍ത്തി കിട്ടിയിട്ടുണ്ട്. ഈ ധാരണ ചൂഷണം ചെയ്യാനുള്ള കച്ചവട തന്ത്രത്തിന്റെ ഭാഗമായിട്ടാണ് 786 നെ 'വിശുദ്ധനായി' അവതരിപ്പിച്ച് കൊണ്ട് സ്വര്‍ണ്ണ നാണയങ്ങള്‍ രംഗത്ത് വരുന്നത്.

ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു സൂചിപ്പിക്കാന്‍ 786 ഉപയോഗിക്കാം എന്ന് കരുതുന്നവരാണ് ഈ രീതി സ്വീകരിക്കുന്നത്. കത്ത് എഴുതുമ്പോള്‍ ഏറ്റവും മുകളിലായി 'ബി' എന്ന് എഴുതുന്നതും ബിസ്മിയുടെ ചുരുക്കെഴുത്ത് തന്നെ. ബിസ്മി എഴുതിയ കടലാസുകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ഒരു പ്രായോഗിക രീതി എന്ന നിലയില്‍ 786 ഉപയോഗിക്കുന്നത് നല്ലതെന്നു കരുതുന്നവരാണിവര്‍.



No comments:

Post a Comment