01 April 2012

എന്റെ ഇസ്ലാമിയ

ഇസ്ലാമിയുടെ രേഖാ ചിത്രം ഗഫൂര്‍ മാസ്റ്റരുടെ ഭാവനയില്‍ 
പാക്യാര ഇനാറത്തുല്‍ ഇസ്ലാം മദ്രസ്സയിലെ മതപഠന ക്ലാസ്സിനു ശേഷം റെയില്‍പാളത്തിന്റെ ഓരത്തെ കുന്നിന്‍ ചെരുവിലൂടെ കൂട്ടുകാരോടൊപ്പം ഉദുമ ഇസ്ലാമിയ എല്‍ പി സ്കൂളിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ നിറയെ സുലൈമാന്‍ച്ചാന്റെ പീടികയിലെ നാരങ്ങ മിട്ടായിയായിരുന്നു.

പാക്യാര ഇനാറത്തുല്‍ ഇസ്ലാം മദ്രസ്സ 
പുറംചട്ടകള്‍ കീറിപ്പറിഞ്ഞ കുത്തഴിഞ്ഞ പുസ്തക കെട്ട്, കറുത്തു തടിച്ച ഇലാസ്റ്റിക് കൊണ്ട് വിരുഞ്ഞു കെട്ടിയാണ് യാത്ര.വക്ക് പൊട്ടിയ കറുത്ത സ്ലേറ്റ്‌ പുസ്തകകെട്ടുകളുടെ പുറത്തു ഗമയോടെ കിടക്കും.
ക്ലാസ്സുകളുടെ ഇടവേളകളില്‍ കിട്ടുന്ന വിശ്രമ വേളകള്‍ നാരങ്ങ മിട്ടായി നുണയാനുള്ള അസുലഭ അവസരങ്ങളാണ്. സുലൈമാന്‍ച്ചാന്റെ കടയിലെ കുപ്പി ഭരണിയില്‍ ഞങ്ങളുടെ വരവും കാത്തു നാരങ്ങ മിട്ടായി കാത്തു നില്‍ക്കും. ഒരു പൈസക്ക് ഒരു മിട്ടായി കിട്ടിയിരുന്നതായി ഓര്‍മ്മിക്കുന്നു.

ഉദുമ ഇസ്ലാമിയ  സ്കൂള്‍ 
തലേന്നു തന്നെ അടുത്ത ദിവസത്തെ മിട്ടായിക്കുള്ള മൂലധനം അതി വിദഗ്ദ്ധമായി കണ്ടെത്തിയിരിക്കും. ആഴ്ചയി ല്‍ ഒരിക്കല്‍ 'സ്റ്റോറില്‍' (ഉദുമ സഹകരണ ബാങ്കിന്‍റെ കീഴിലുള്ള ഇന്നത്തെ ഇന്നത്തെ പൊതുവിതരണ കേന്ദ്രം) പച്ചരിയും ഗോതമ്പും വാങ്ങിക്കാന്‍ പറഞ്ഞയക്കുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൈക്കൂലിയും കൂട്ടത്തില്‍ അഴിമതി നടത്തി ഒപ്പിക്കുന്ന നാണയ തുട്ടുകളും ആയിരുന്നു സമ്പാദ്യം. (അഴിമതി ഇന്നത്തെ പോലെ അത്ര വ്യാപകമല്ലാത്തതിനാല്‍ പിടികൊടുക്കാതെ രക്ഷപെട്ടു പോന്നു).

നാരങ്ങ മിടായി 
ഗോപാലന്‍ മാസ്റ്റര്‍ ആയിരുന്നു ഇസ്ലാമിയയിലെ അക്കാലത്തെ പ്രധാന അദ്ധ്യാപകന്‍. കൂടെ കൂടെ മൂക്കടപ്പുള്ള മഹാനായ ഈ ഗുരുവര്യന്‍ എന്നും വെള്ള വസ്ത്രങ്ങള്‍ ധരിച്ചേ സ്കൂളില്‍ വന്നിരുന്നുള്ളൂ. മൂക്കിലെ പ്രയാസം ഒഴിവാക്കാനെന്നു തോന്നുന്നു ഇടയ്ക്കിടെ മൂക്കുപൊടി വലിച്ചു കയറ്റി ഉച്ചത്തില്‍ തുമ്മുമ്പോള്‍ ക്ലാസ്സ്‌ ഒന്നടങ്കം ഞെട്ടും. ജുബ്ബയുടെ കീശയില്‍ എപ്പോഴും കരുതിയിരുന്ന തൂവാല ഉപയോഗിചു മൂക്ക് തുടക്കുന്നത് ഇപ്പോഴും കണ്മുമ്പി ല്‍ തെളിഞ്ഞു വരുന്നു. രാവിലെത്തെ കൂട്ട പ്രതിജ്ഞക്ക് മുമ്പ് ക്ലാസ്സില്‍ എത്താന്‍ ഞങ്ങള്‍ കൂട്ടുകാര്‍, റോഡു വക്കി ല്‍ കാണുന്ന ഒഴിഞ്ഞ സിഗരറ്റ്കൊട്ടകള്‍ പെറുക്കി ഓടും. ഒഴിഞ്ഞ സിഗരറ്റ് പാക്കറ്റുകള്‍ ശേഖരിചു വെക്കുക എന്നത് അന്നത്തെ ഒരു വിനോദമായിരുന്നു. സ്കൂള്‍ മുറ്റത്ത്‌ എത്തുമ്പോഴേക്കും കുട്ടികളൊക്കെ വരാന്തയി ല്‍ നിരന്നിട്ടുണ്ടാകും. ഉച്ചത്തില്‍ ചൊല്ലിത്തരുന്ന പ്രതിജ്ഞ ഏറ്റുപറയാന്‍ പിന്നെ ഞങ്ങള്‍ തമ്മില്‍ മത്സരമാണ്. ഇന്ത്യ എന്റെ രാജ്യമാണ് .... എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ ... ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.

ഇസ്ലാമിയയിലെ ക്ലാസ്‌ മുറി 
പ്രതിജ്ഞ പുതുക്കി പിന്നെ നേരെ ക്ലാസുകളിലേക്ക്. ഹാജര്‍ പട്ടിക നിവര്‍ത്തുന്നതിനിടയില്‍ ഗോപാലന്‍ മാസ്റ്റര്‍ മേശയില്‍ കൈ കൊണ്ട് അടിക്കും. ക്ലാസ്‌ പൂര്‍ണ നിശബ്ദത. പിന്നീട് കസേരയില്‍ ഇരുത്തം . ഉരുണ്ടു തടിച്ച റൂളര്‍ ഉപയോഗിച്ചു ഹാജര്‍ പട്ടികയില്‍ ചുവന്ന മഷി നിറച്ച പേന കൊണ്ട് തലങ്ങും വിലങ്ങും കള്ളികള്‍ വരക്കും. തടിച്ചു കൊഴുത്ത അശോക്‌ പേന അമിതമായി തുപ്പുന്ന ചോര മഷി ചോക്ക് കഷണം ഉപയോഗിചു ഒപ്പി എടുക്കും. ചോര മഷി പുരണ്ട ചോക്ക് മേശപ്പുറത്ത് കിടന്നുരളും. പിന്നെ ഞങ്ങളെയൊക്കെ നോക്കി പേര് വിളി .... അബ്ബാസ് എം അഷറഫ്‌ കെ എം., ഖാലിദ്‌ പി. ... ഹാജര്‍ സേര്‍ .. ഹാജര്‍ സേര്‍ .... ഇല്ല സേര്‍.
സജ്ജിക എന്ന ഉപ്പുമാവ്
രണ്ടാമത്തെ പീരിയഡ് പുരോഗമിക്കുന്നതോട് കൂടി ക്ലാസ്സുകളെ മൊത്തം തഴുകി സജ്ജിക (ഉപ്പ് മാവ്) വേവുന്നതിന്റെ ആര്‍ത്തി തോന്നിക്കുന്ന മണം എന്റെ മൂക്കിലൂടെ അരിച്ചു കയറും. പിന്നെ ഒരു മണിവരെയുള്ള പിരീടുകളെ സജീവമായി നില നിര്‍ത്തുന്നത് ഈ മണമാണ്. (അമേരിക്ക നല്‍കിയിരുന്ന ഈ അന്നം അന്നത്തെ ഒട്ടിയ വയറിന്റെ വിശപ്പ്‌ അകറ്റിയിരുന്നതിനാല്‍ സാമ്രാജ്യത്വ വിരുദ്ധ വികാരം ഇന്നത്തെപ്പോലെ എന്നെ അലട്ടിയിരുന്നില്ല ) .

വക്ക്‌ പൊട്ടിയ സ്ലേറ്റ്
നല്ല മഴയുള്ള ദിവസങ്ങളില്‍ ഉദുമ സഹകരണ ബാങ്കിന്റെ അടുത്തു നിന്നും നിരനിരയായി തുടങ്ങുന്ന പീടിക വരാന്തകളും കടതിണ്ണകളും എന്റെ തലയെ മഴ നനയാതെ ഇസ്ലാമിയയില്‍ എത്തിക്കും. കോരന്‍ മാസ്റ്റര്‍ ആയിരുന്നു ഇസ്ലാമിയയിലെ അക്കാലത്തെ സഹ അദ്ധ്യാപകന്‍. മെലിഞ്ഞു നീണ്ട നാട്ടുകാരനായ ഇദ്ദേഹമായിരുന്നു സ്കൂളിലെ അന്നത്തെ ഭക്ഷ്യ മന്ത്രി. (സജ്ജിക യുടെ വിതരണം ഇദ്ദേഹമായിരുന്നു കൈകാര്യം ചെയ്തിരുന്നത്) ചില ദിവസങ്ങളില്‍ സജ്ജിക തയ്യാറാക്കാനുള്ള ഗോതമ്പ് കഴുകി വൃത്തിയാക്കുന്നതിനും പാചകക്കാരനെ സഹായിക്കാനും ഞങ്ങളില്‍ ഒന്നു രണ്ടു പേരെ അദ്ദേഹം പറഞ്ഞു വിടും. അക്കൂട്ടത്തില്‍ എന്നും ഞാന്‍ ഉള്‍പ്പെടണമെന്നായിരിക്കും എന്‍റെ പ്രാര്‍ത്ഥന. കാരണം സജ്ജികയുടെ  ഉപ്പും വേവും പരിശോധിക്കാന്‍ പാചകക്കാരന്‍ നല്‍കുന്ന സാമ്പിള്‍ താന്നെ കാര്യം.

കൊസല മറിയുന്ന നീന്തല്‍കാരന്‍ 
വര്‍ഷ കാലത്ത് സ്കൂളിന്റെ ചുമരിനോട് ചേര്‍ന്നുളള പള്ളിക്കുളം നിറഞ്ഞൊഴുകി സ്കൂള്‍ ഗ്രൗണ്ടിലൂടെ ജലം ഒഴുകും. പിന്നെ കുറെ നാളത്തേക്ക് തൊട്ടുകളിയും, അപ്പചെണ്ടും, കോളി കളിയും, കബഡിയും, സോടിയും ഒക്കെ നിലക്കും. അപ്പോള്‍ മതിലില്‍ നിന്നും കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും കുളത്തിലേക്ക് കൊസല മറിയുന്ന നീന്തല്‍ സാഹസികരെ നോക്കി നേരം കളയും .

ഐസ്കെന്റ് വില്‍പ്പനക്കാരന്‍
സൈക്കിളില്‍ എത്തുന്ന ഐസ് കച്ചവടക്കാരനെ (പേര് ഓര്‍മ്മയില്ല) കാത്തു മറ്റു കുട്ടികള്‍ അക്ഷമരായി ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കയ്യില്‍ അഞ്ചു പൈസ നാണയം ഇല്ലാത്തതിനാല്‍ നിരാശനായിട്ടുണ്ട്. എങ്കിലും ചങ്ങാതിമാരുടെ ഔദാര്യത്തില്‍ ഒരേ ഐസ് ഞങ്ങള്‍ പലരും മാറി മാറി നക്കിത്തീര്‍ക്കും.
കരിതുപ്പി,ചൂളംവിളിച്ചു പായുന്ന തീവണ്ടിയായിരുന്നു ഇസ്ലാമിയയിലെ 
മനോഹരമായ കാഴ്ച.
എപ്പോഴെങ്കിലും ഓടിയിരുന്ന രാമേട്ടന്റെ കെ സി ബി ട്ടി

കല്‍ക്കരി വണ്ടി 
ബസ്സിനും, കുനിക്കുലായ ഡോക്ടറുടെ വെളുത്ത അംബാസഡര്‍ കാറിനും സ്വന്തമായിരുന്നു തൊട്ട് മുറ്റത്ത്‌ കൂടെ കടന്നു പോകുന്ന റോഡ്. മൈക്ക് ഷാപ്പിച്ചാന്റെ കടയിലെ കോളാമ്പിയില്‍ നിന്നും റംലാബീഗവും, ആയിഷാ ബീഗവും ചേര്‍ന്ന് ഇടയ്ക്കിടയ്ക്ക് മാപ്പിളപ്പാട്ട് മത്സരം നടത്തുമായിരുന്നു.കുട്ടിയപ്പേട്ടന്റെ ഹോട്ടലിലെ ഗോളിബജ വാങ്ങാന്‍ കുരട്ട (കശുവണ്ടി) പെറുക്കി വിറ്റ് കാശുണ്ടാക്കിയ കഥ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു. ഇസ്ലാമിയയിലെ മറ്റു അധ്യാപകരെ കുറിച്ച് വ്യക്തമായ ഓര്‍മ്മ കിട്ടുന്നില്ല. എന്നും ചെറുപ്പം നിലനിര്‍ത്തിയിരുന്ന ശ്രീധരന്‍ സാറിനെ ഓര്‍മിക്കാതെ കടന്നു പോവുക സാദ്ധ്യമല്ല. അറബി പഠിപ്പിച്ചിരുന്ന സെയ്തലവി ഉസ്താതിനെ പലപ്പോഴായി പിന്നീട് കണ്ടിരുന്നു. ഭാവിയില്‍ ഗള്‍ഫില്‍ പോയി തൊഴിലെടുക്കേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ ഇല്ലാതിരുന്നതിനാല്‍ അറബി പഠിക്കാന്‍ വലിയ താല്‍പ്പര്യം ഇല്ലായിരുന്നു.

കെ സി ബി ടി ബസ്‌ 
കോപ്പി എഴുതാത്തതിനും ഉത്തരം പറയാത്തതിനും ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയതിന്റെ ഓര്‍മയില്ല; എന്നാല്‍ കേട്ടെഴുത്ത്‌ തെറ്റിച്ചതിനും അടുത്തുള്ള അബാസിന്റെ സ്ലേറ്റില്‍ നോക്കി കോപ്പിയടിച്ചതിനും ചൂരല്‍ പ്രയോഗിച്ചതും ക്ലാസിനു പുറത്ത് നിര്‍ത്തിയതിന്റെയും മങ്ങാത്ത ഓര്‍മ്മകള്‍ നിലനില്‍ക്കുന്നു. ചൂരല്‍ പ്രയോഗം പേടിപ്പെടുത്തി യിരുന്നെങ്കിലും പുറത്താക്കല്‍ ശരിക്കും ആഘോഷിച്ചിരുന്നു . കാരണം റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ കണക്കെടുക്കാനും കൂകിപ്പായുന്ന കല്‍ക്കരി വണ്ടിയെ അടുത്തു നിന്ന് കാണാനും അതായിരുന്നു സൗകര്യം.

ക്ലാസ്സിലെ സഹപാഠികളെ ഇപ്പോഴും നല്ല ഓര്‍മയുണ്ട്. നാല് കൊല്ലം കൊണ്ട് പഠിത്തം കഴിയേണ്ട ഇസ്ലാമിയില്‍ നിന്നും ഞാന്‍ പഠിത്തം പൂര്‍ത്തിയാക്കിയത് അഞ്ചു കൊല്ലം കൊണ്ടാണ്. രണ്ടാം ക്ലാസ്സില്‍ നിന്നും മൂന്നിലേക്ക് പാസ്സായെങ്കിലും പിതാവിന്റെ പെട്ടെന്നുള്ള മരണം മൂലം പഠനം ഇടക്ക് നിര്‍ത്തേണ്ടി വന്നു. പിന്നെ ഒരു വര്‍ഷത്തിനു ശേഷം മൂന്നാം ക്ലാസ്സില്‍ വീണ്ടും ചേര്‍ന്നപ്പോഴേക്കും ഒന്നിച്ചു ഐസ് നുണഞ്ഞിരുന്ന ചങ്ങാതിമാര്‍ ഇസ്ലാമിയയില്‍ നിന്നും കടന്നു പോയിരുന്നു. പുതുതായി കിട്ടിയ കൂട്ടുകാര്‍ പലരും കോളേജ് ജീവിതത്തിലും കൂടെ ഉണ്ടായിരുന്നു. അവരില്‍ അഷ്‌റഫ്‌ കെ എം, (ജിയോളജിസ്റ്റ് ) ഹബീബുള്ള കെ എസ് (എഞ്ചിനീയര്‍) എന്നിവര്‍ ഉയര്‍ന്ന ജോലിയില്‍ എത്തിയിട്ടുണ്ട്.

ഇസ്ലാമിയുടെ പുതിയ വജ്ര ജൂബിലി കെട്ടിടം (ഈച്ചിലിങ്കാല്‍)
അങ്ങിനെ ഒരു പാട് നന്മകള്‍ കൊച്ചു കൊച്ചു മനസ്സുകളിലേക്ക് പകര്‍ത്തി തന്ന ഇസ്സ്ലാമിയക്കും അതിലെ ഗുരുക്കന്മാര്‍ക്കും ഈ ഓര്‍മ്മ കുറിപ്പ് സമര്‍പ്പിക്കുന്നു. പുതിയ കെട്ടിടവും അതിന്റെ ചുറ്റുപാടും ഇനി കടന്നു വരുന്ന കൊച്ചനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും വഴികാട്ടിയാകട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.




(ഇസ്ലാമിയ എ എല്‍ പി സ്‌കൂളിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച മാഗസിനില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്) .......

3 comments:

  1. കലക്കൻ, എഴുത്ത് തുടരുക.

    ReplyDelete
  2. KCBT ബസ്, ഐസ്കെന്റ് വില്‍പ്പനക്കാരന്‍, നാരങ്ങ മിഠായി ഈ ചിത്രങ്ങളൊക്കെ നമ്മെ ബാല്യകാലത്തിലെക്ക് തിരിച്ചുകൊണ്ടു പോകുന്നു.

    'ജാലക'ത്തില്‍ രെജിസ്റ്റര്‍ ചെയ്യൂ..കൂടുതല്‍ വായനക്കാര്‍ താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശിക്കട്ടെ.

    ReplyDelete
  3. Assalayittundenne parayendathillallo ?

    ReplyDelete